Thursday, July 13, 2017

അഗുംബെ മലമ്പാതകളിലൂടെ ഒരു മഴക്കാലയാത്ര...

ഒരു മഴ നനഞ്ഞു നടന്നിട്ട് എത്ര കാലമായി ? എല്ലാം മറന്ന്, കുട ചൂടാതെ, നനഞ്ഞു നനഞ്ഞങ്ങനെ.. കുട്ടിക്കാലത്തു നനഞ്ഞ മഴയുടെ ഓര്‍മ്മകളും കുളിരും മാത്രമാണ് നമുക്ക്‌ ഇപ്പോഴുമുള്ളത്.

ഒരു പക്ഷെ... അഗുംബെയെന്ന ഈ വനഗ്രാമം നമ്മെ കുട്ടിക്കാലത്തിലേക്കു കൈപിടിച്ച് നടത്തും....

തെക്കെ ഇന്ത്യയിലെ പടിഞ്ഞാറന്‍ മലനിരകളിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്. ഹരിതശോഭയുടെ ധാരാളിത്തം, ഒപ്പം മലകയറ്റത്തിന്റെയും പ്രകൃതി ദൃശ്യങ്ങളുടെയും അപാര സാധ്യതകളും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ രണ്ടാമത്. 

തെക്കെ ഇന്ത്യയിലെ ചിറാപുഞ്ചി എന്നും അറിയപ്പെടുന്നു. രാജവെമ്പാലയുടെ ആവാസസ്ഥലം എന്ന പ്രശസ്തി കൂടി ഇതിന്. പ്രശസ്തമായ ടെലിവിഷന്‍ സീരിയല്‍ മാല്‍ഗുഡി ഡെയ്‌സ് ഇവിടെ ആണു ചിത്രീകരിച്ചത്.

ഇവിടെ മഴ പെയ്യുന്നത് വളരെ നനുത്ത നേര്‍ത്ത മഴനൂലുകള്‍ പോലെയാണു. അഗുംബെയുടെ ജീവിതവും അതിനനുസരിച്ചു ക്രമീകരിച്ച പോലെ.. വീടുകളും കടകളും എല്ലാം. മഴയും മഞ്ഞും ഒന്നിച്ചു പെയ്യുന്ന ഒരു സമയത്താണു ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ആദ്യം കുടയെടുക്കാതെ നടക്കാന്‍ ശീലം അനുവദിച്ചില്ല...പിന്നെ കുടയെ ഞങ്ങള്‍ മറന്നു.

നക്‌സലൈറ്റ് പ്രവര്‍ത്തനങ്ങള്‍ ഉള്ളതു കൊണ്ടു പൊലിസീന്റെ സജീവ സാന്നിധ്യം. ടൂറിസ്റ്റുകളെ അതു തെല്ല് ബാധിച്ചിട്ടുണ്ട്. നീര എന്ന് വിളിക്കുന്ന ശുദ്ധമായ തെങ്ങിന്‍ കള്ളും ഇവിടെ എല്ലാ കടകളിലും ലഭിക്കും. ഒപ്പം കാട്ടില്‍ നിന്നും ലഭിക്കുന്ന നല്ല തേനും കുടംമ്പുളിയും.

വിഖ്യാതനായ ഉരഗശാസ്ത്രജ്ഞന്‍ റോമുലസ് വിറ്റേക്കര്‍ അഗുംബെയെ രാജവെമ്പാലയുടെ തലസ്ഥാനം എന്നാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹമാണ് അഗുംബെയില്‍ ഫോറസ്റ്റ റിസര്‍ച്ച് സ്‌റ്റേഷന്‍ സ്ഥാപിച്ചത്. അത്തരത്തിലുള്ള ഇന്ത്യയിലെ ഏക ഗവേഷണ കേന്ദ്രം. ലോകത്തെ ആദ്യ രാജവെമ്പാല സാങ്ങച്വറിയാകാന്‍ ഒരുങ്ങുകയാണ് അഗുംബെ.

കാട്ടിലൂടെ ഏറെ നടക്കണം, ചില മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍. നിറഞ്ഞൊഴുകുന്ന സീതപ്പുഴയില്‍ അരക്കൊപ്പം വെള്ളത്തില്‍ നടക്കാം. പിന്നെ പുല്ലിലൂടെ, കാട്ടിലൂടെ...മരങ്ങള്‍ക്കിടയിലൂടെ പെയ്യുന്ന മഴയിലൂടെ... ഇടയ്ക്കു അട്ടകളെയും പറിച്ചു കളയണം.

ജോഗിഗുന്ദി, ഓനകെ അബ്ബി ഫാള്‍സ്, കുഞ്ചിക്കല്‍ ഫാള്‍സ് അറബിക്കടലില്‍ 40 കിലോമീറ്ററുകള്‍ക്കപ്പുറം അസ്തമയ സൂര്യനെ കാണാവുന്ന സണ്‍ സെറ്റ് പോയിന്റ്, ബര്‍ക്കന ഫാള്‍സ് അങ്ങിനെയങ്ങിനെ....

കുന്താദ്രി എന്ന മലമുകളിലെ കരിങ്കല്‍ ക്ഷേത്രവും കനത്ത കാറ്റും നിറമഞ്ഞും പേടിപ്പിക്കാന്‍ ശ്രമിക്കുന്ന കുന്നിന്‍ മുകളിലെ എന്നും വെള്ളം നിറഞ്ഞു കിടക്കുന്ന പാറക്കുളവും നമ്മെ അമ്പരപ്പിക്കും.1996 ല്‍ സ്ഥാപിച്ച അഗുംബെ മെഡിസിനല്‍ പ്ലാന്‍റ്സ് കണ്‍സര്‍വേഷന്‍ ഏര്യയുടെ ഭാഗമാണിത്. വംശനാശഭീഷണി നേരിടുന്ന ചുവപ്പുപട്ടികയിലുള്ള സസ്യങ്ങളടക്കം 182 തരം ഔഷധസസ്യങ്ങള്‍ ഈ കൊടും കാട്ടില്‍ വളരുന്നു.

ഉടുപ്പിയില്‍ നിന്നും 60 കിലോമീറ്റര്‍ മാത്രം ദൂരം. താമസിക്കാന്‍ മല്ല്യയുടെ ലോഡ്ജും, കസ്തൂരി അക്കയുടെ ഡോഡാമനെ എന്ന ഹോം സ്‌റ്റെയ്യും. ഇതാണു മാല്‍ഗുഡി ഡെയ്‌സിലെ തറവാടു വീട്. ചൂടു ഭക്ഷണം വിളമ്പുന്ന അല്‍പ്പമൊക്കെ മലയാളം അറിയാവുന്ന താജുദ്ദീന്‍ ഇക്കയുടെ താജ് ഹോട്ടലും. നഗരവല്‍കരണം കടന്നു വരാത്ത കര്‍ണ്ണാടകയിലെ മലയോര ഗ്രാമം.

എന്താ, ആഗുംബെ വരെ ഒന്നു പോകുന്നോ.. പനി പിടിക്കുമെന്ന പേടിയില്ലാതെ..മഴ നനയാന്‍.






















മൂഡബിദ്രി സാവിര കംബദ ബസടിയെന്ന ദൈവപ്പുര.

പതിനെട്ടോളം കല്ലമ്പലങ്ങളും ജൈനബസ്തികളുമായി സമ്പന്നമായ സാംസ്‌കാരികത അടയാളമിടുന്ന മംഗലപുരം നഗരത്തിന് വടക്ക് കിഴക്കായി മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മൂഡബിദ്രിയിലെ സാവിര കംബദ ബസടിയെന്ന ദൈവപ്പുര.

എ.ഡി.1430 ൽ വിജയനഗര രാജാവായിരുന്ന ദേവരാജ ഉടയോർ ജൈനക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട കാര്‍ക്കളയുടെ സമീപപ്രദേശത്ത്‌ നിർമ്മിച്ച ക്ഷേത്രത്തിലെ ആയിരം കല്‍ത്തൂണുകളും അറുപത് അടി ഉയരമുള്ള ഒറ്റക്കല്ലിലെ മഹാസ്തംഭമാണ് സവിശേഷത.



















പട്ടത്തിപ്പാറ ജലസമൃദ്ധിയുടെ ദൃശ്യഭംഗി.

പട്ടത്തിപ്പാറയിൽ ജലസമൃദ്ധിയുടെ ദൃശ്യഭംഗി. പാണഞ്ചേരി പഞ്ചായത്തിലെ ചെമ്പൂത്രയിൽ ദേശീയപാത 47ൽനിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് പട്ടത്തിപ്പാറയെന്ന വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന് 400 മീറ്റർ അകലെ വരെ വാഹനത്തിലെത്താം.

വെള്ളാനി മലയിലെ കണ്ണക്കാട് ഉൾവനത്തിൽ നിന്നാരംഭിച്ച് മുകൾ ഭാഗത്ത് പരന്നൊഴുകി നൂറ്റിയിരുപതടി ഉയരത്തിലെ ചെങ്കുത്തായ പാറയിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളില്‍ ജലസമൃദ്ധമാണ്.

പാറക്കെട്ടുകളിൽ പതിച്ച് കരിക്കാമ്പുഴ തോടായി മാറി കല്ലായിച്ചിറയിലെത്തുന്ന വെള്ളം നാലു കിലോമീറ്റർ ചെറു പുഴയായ് ഒഴുകി മണലിപ്പുഴയിൽ പതിക്കുന്നു.

തൃശൂർ – പാലക്കാട് ദേശീയപാതയിൽ പതിനൊന്ന് കിലോമീറ്റർ സഞ്ചരിച്ച് ചെമ്പൂത്രയിൽ നിന്ന് വടക്കോട്ട് തിരിഞ്ഞ് രണ്ടു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ പട്ടത്തിപ്പാറയിലെത്താം.










Friday, June 16, 2017

ഇല്ലിക്കല്‍ കല്ലിലെ സൂര്യോദയം

കണ്ണെത്താദൂരത്തോളമുള്ള മേടുകളിലെ കാട്ടുചെടികളായ ചിറ്റീന്തുകളും തെരുവാകളും വകഞ്ഞുമാറ്റി ഇരുവശത്തും അഗാധഗര്‍ത്തമുള്ള, നരകപാലത്തിലൂടെ നടന്നും വാ പിളര്‍ന്നിരിക്കുന്ന കുടക്കല്ലിലെ കുളത്തിനുള്ളില്‍ പടര്‍ന്നു നില്‍ക്കുന്ന നീലക്കൊടുവേലിയും ഇതിനു കാവല്‍നില്‍ക്കുന്ന ഉഗ്രവിഷഹാരികളായ സര്‍പ്പങ്ങളേയും തേടിയൊരു യാത്ര.


ഒരേ സമയം ഭയപ്പെടുത്തുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന അവിസ്മരണീയ അനുഭവങ്ങളുമായി ഇടുങ്ങിയ കല്‍പ്പാതകള്‍ താണ്ടി ഇല്ലിക്കല്‍ കല്ലിലേക്കൊരു നടത്തം.














Thursday, June 8, 2017

ഷണ്മുഖം കനാല്‍


1940 ജൂണ്‍ മൂന്ന്‌. ഇരിങ്ങാലക്കുട ദേശക്കാര്‍ ആഘോഷതിമിര്‍പ്പിലായിരുന്നു.

നാടിന്റെ വികസന പ്രതീക്ഷകള്‍ പൂവണിയിച്ചുകൊണ്ട്‌ വികസനത്തിന്റെ നാഴികകല്ലായി ഒരു പദ്ധതിയുടെ ഉദ്‌ഘാടനം നടക്കുന്നു.

ആഘോഷത്തില്‍ പങ്കുചേരാന്‍ ദേശത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

വൈകീട്ട്‌ നാലുമണിക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ കൊച്ചി ദിവാന്‍ ഷണ്‍മുഖം ചെട്ടി പുതിയൊരു ജലപാത നാടിനായി സമര്‍പ്പിച്ചു. കനാല്‍ നിര്‍മിക്കാന്‍ മുന്‍ കൈയെടുത്ത ദിവാനോടുള്ള ബഹുമാനാര്‍ഥം നാട്ടുകാര്‍ കനാലിനെ ഷണ്‍മുഖം കനാലെന്ന്‌ വിളിച്ചുവന്നു.

പിന്നീടുവന്ന ഭരണാധികാരികള്‍ കനാലിന്‌ ഷണ്‍മുഖം കനാലെന്നുതന്നെ നാമകരണം ചെയ്‌തു. പില്‍ക്കാലത്ത്‌ നഗരത്തെ വാണിജ്യ വ്യവസായ രംഗത്ത്‌ മുന്നേറാന്‍ സഹായിച്ചത്‌ ഷണ്‍മുഖം കനാലായിരുന്നു.

ഏറെക്കാലത്തെ പരിശ്രമഫലമായാണ്‌ ഇരിങ്ങാലക്കുടയുടെ വാണിജ്യ വ്യാപാര രംഗത്തെ വളര്‍ച്ചയെ മുന്നില്‍ കണ്ട്‌ കനാല്‍ നിര്‍മിച്ചത്‌. കനാലിന്റെ നിര്‍മാണ പ്രവൃത്തികള്‍ 1938 ന്‌ മുമ്പ്‌ ആരംഭിച്ചിരുന്നു.

വളരെ ആസൂത്രിതമായ രീതിയിലാണ്‌ കനാലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. കച്ചവട ചരക്കുകള്‍ സൂക്ഷിക്കുന്നതിനും മറ്റുമായി ഗോഡൗണുകള്‍ നിര്‍മിക്കുന്നതിന്‌ കനാലിന്റെ ഇരുവശങ്ങളിലും സര്‍ക്കാര്‍ സ്ഥലം നീക്കിവെച്ചിരുന്നു. ഇരിങ്ങാലക്കുട മാര്‍ക്കറ്റ്‌ പരിസരത്ത്‌ നിന്നും ആരംഭിക്കുന്ന കനാലിലൂടെ കോട്ടപ്പുറം ചന്ത വഴി അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ വരെ എത്തിച്ചേരാമായിരുന്നു.

മാത്രമല്ല ഷണ്മുഖം കനാലിനെ കോഴിക്കോട്ടുള്ള കാഞ്ഞൂല്‍ കനാലുമായും ബന്ധപ്പെടുത്തിയിരുന്നു. അക്കാലത്ത്‌ കൊച്ചിയില്‍ നിന്നും കോഴിക്കോട്ടു നിന്നുമുള്ള കച്ചവടങ്ങള്‍ പ്രധാനമായും നടന്നിരുന്നത്‌ ഈ ജലപാതയിലൂടെയായിരുന്നു.

ചരക്കു നിറച്ച വഞ്ചികളുടെ സുഗമമായ സഞ്ചാരത്തിനായി 15 മീറ്റര്‍ ആഴം വരെ കനാലിനുണ്ടായിരുന്നു. കനാലിന്‌ കുറുകെയുള്ള പാലങ്ങള്‍ ഉയരത്തില്‍ സ്ഥാപിച്ചിരുന്നതിനാല്‍ ചരക്കുകളുമായി പോകുന്ന വലിയ കെട്ടുവള്ളങ്ങള്‍ക്ക്‌ തടസം കൂടാതെ സഞ്ചരിക്കാന്‍ കഴിഞ്ഞു.

നിരവധി വള്ളങ്ങളും ബോട്ടുകളും ഇതിലൂടെ കച്ചവടത്തിനായി ഇരിങ്ങാലക്കുടയിലെത്തിയിരുന്നു.

ഇന്ന് ഇരിങ്ങാലക്കുട ദേശം നഗരമായി മാറികഴിഞ്ഞിരിക്കുന്നു. പുതിയ വ്യവസായങ്ങളും നാഷണല്‍ ഹൈവേയുമെല്ലാം നാടിന്റെ മുഖഛായ തന്നെ മാറ്റിമറിച്ചു. പക്ഷേ എഴുപത്തിനാല് കൊല്ലം മുമ്പ്‌ നാടിന്റെ വികസന പ്രതീക്ഷകള്‍ക്ക്‌ പുതിയ മാനങ്ങള്‍ നല്‍കി നിര്‍മിച്ച ഷണ്മുഖം കനാല്‍ ഇന്ന്‌ നാമാവശേഷമായിരിക്കുന്നു.

അതുവഴി വഞ്ചികളുടെയോ ബോട്ടുകളുടെയോ വരവില്ല. ഒരു കാലത്ത്‌ നാടിന്റെ വാണിജ്യ വ്യവസായത്തിന്റെ ജീവനാഡിയായിരുന്ന ഷണ്മുഖം കനാലിനു പകരം കേരളത്തിലെ മറ്റെല്ലായിടങ്ങളിലും കാണുന്നതുപോലെ ആഫ്രിക്കന്‍ പായലുകള്‍ നിറഞ്ഞു നില്‍ക്കുന്ന ചപ്പുചവറുകള്‍ കൊണ്ടിടാനുള്ള ഒരു ചെളിക്കുഴിയായി മാറിയിരിക്കുന്നു ഷണ്മുഖം കനാല്‍. പോയ കാലത്തിന്റെ പ്രതാപത്തിന്‌ സാക്ഷിയായി ഇന്നവിടെ ഒരു വിളക്കുകാല്‍ മാത്രം.

എന്തായിരുന്നു കനാലിന്റെ നാശത്തിന്‌ കാരണം? ഒട്ടേറെ പ്രതീക്ഷകളോടെ തുടക്കം കുറിച്ച കനാല്‍ വാണിജ്യ വ്യവസായ രംഗത്ത്‌ വന്‍വികസനമാണ്‌ നാടിനുണ്ടാക്കി കൊടുത്തത്‌. ഇതില്‍ അസൂയാലുക്കളായ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കനാല്‍ പ്ലാന്‍ ഒരു പരാജയമായിരുന്നുവെന്ന്‌ ഷണ്മുഖം ചെട്ടിയുടെ കാലശേഷം വന്ന ദിവാന്‍മാരെ തെറ്റിദ്ധരിപ്പിച്ചെന്ന്‌ പഴമക്കാര്‍ പറയുന്നു.

ഇത്തരം നടപടികള്‍ കനാലിന്റെ വളര്‍ച്ചയെ തളര്‍ത്തി. മാത്രമല്ല പുതിയ റോഡുകള്‍ വന്നതോടെ കനാലിലൂടെയുള്ള ചരക്കുഗതാഗതത്തിന്റെ ആകര്‍ഷണീയത കുറഞ്ഞു തുടങ്ങി. എഴുപതുകളുടെ അവസാനത്തോടെ കനാലിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു.

ഇന്നിപ്പോള്‍ കനാല്‍ മണ്ണിടിഞ്ഞ്‌ നികന്ന നിലയിലാണ്‌. മിക്കവാറും ഭാഗങ്ങള്‍ കാടുപിടിച്ചുകിടക്കുന്നു. വിവിധയിടങ്ങളില്‍ നിന്നെത്തുന്ന ചപ്പുചവറുകള്‍ തള്ളുന്ന ഒരിടമായി ഷണ്മുഖം കനാല്‍ മാറിക്കഴിഞ്ഞിരിക്കുന്നു. കനാലിലെ വെള്ളക്കെട്ടില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതു പതിവാകുന്നു. ദുര്‍ഗന്ധം വമിക്കുന്ന സാംക്രമിക രോഗങ്ങള്‍ക്ക്‌ കാരണമാകുന്ന കനാലിനെ ഇന്ന്‌ ജനങ്ങള്‍ ഭീതിയോടെയാണ്‌ കാണുന്നത്‌.

പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകള്‍ ഇരിങ്ങാലക്കുട നഗരസഭ എന്നിവിടങ്ങളിലൂടെയാണ്‌ കനാല്‍ കടന്നുപോകുന്നത്‌.

കനാലിന്റെ പല ഭാഗങ്ങളും ഇന്ന്‌ സര്‍ക്കാര്‍ അധീനതയിലില്ല. വളരെയധികം വീതിയുണ്ടായിരുന്ന കനാലും അതിനോട്‌ ചേര്‍ന്ന്‌ ഗോഡൗണുകള്‍ക്കായുള്ള സ്ഥലവും ഇന്നില്ല. അവിടെയെല്ലാം കയ്യേറി വീടുകള്‍ പണിതിരിക്കുകയാണ്‌. പല സര്‍ക്കാരും പ്രാണനെന്നോണം ഇവര്‍ക്ക്‌ പട്ടയവും നല്‍കി.

1953 കാലഘട്ടത്തില്‍ ഇരിങ്ങാലക്കുട വസൂരി രോഗത്തിന്റെ പിടിയിലായപ്പോള്‍ വസൂരി ബാധിച്ച മൂശേരി ശങ്കരന്‍ എന്ന വ്യക്തിയെയും കുടുംബത്തേയും ജന്മി കുടിയിറക്കി വിട്ടു. കെ.വി ഉണ്ണി, പാറേമക്കാടന്‍ മാണിക്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഈ കുടുംബത്തെ കനാലിനു സമീപം കുടില്‍ കെട്ടി താമസിപ്പിച്ചു.

തുടര്‍ന്നാണ്‌ ഇവിടത്തേക്ക്‌ കൂട്ടംകൂട്ടമായി കുടുംബങ്ങള്‍ ചേക്കേറാന്‍ തുടങ്ങിയത്‌. അങ്ങനെ ഇന്ന്‌ കനാല്‍ ഒരു നീര്‍ച്ചാലായി മാറിയിരിക്കുകയാണ്‌.

ദീര്‍ഘവീക്ഷണത്തോടെയുള്ള പുതിയ പദ്ധതി നടപ്പിലായാല്‍ വന്‍നേട്ടമാണ്‌ നാടിനുണ്ടാകുക. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ നീളുന്ന ദേശീയ ജലപാതയുടെ ഭാഗമായി ഷണ്മുഖം കനാല്‍ മാറും.

അങ്ങനെ വന്നാല്‍ കനാലിലൂടെ ചുരുങ്ങിയ ചെലവില്‍ ചരക്കു ഗതാഗതം സാധ്യമാവും. വിനോദ സഞ്ചാര രംഗത്ത്‌ കനാലിന്‌ വലിയ പങ്ക്‌ വഹിക്കാനാകും.

ഭക്ഷണത്തിനോ നിത്യവൃത്തിക്കോ ബുദ്ധിമുട്ടുന്നവരുണ്ടോ ?

Add caption
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ആരെങ്കിലും ഭക്ഷണത്തിനോ നിത്യവൃത്തിക്കോ ബുദ്ധിമുട്ടുന്നവരുണ്ടോ ?
നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോഫീട്രീക്ക് മുന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള നന്മമരം ഫ്രിഡ്ജ്, ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച് എട്ടോളം ഹോട്ടലുകളില്‍ ഒന്നര വര്‍ഷത്തോളമായി നടന്നുവരുന്ന അന്നം പദ്ധതി, ലൈഫ്‌ഗാര്‍ഡ്സ്, സ്പര്‍ശ് ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ച് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദിവസംതോറും നടത്തുന്ന ഭക്ഷണ വിതരണം, എന്നിവയ്ക്ക് പുറമേ മാസംതോറും നിരവധി വീടുകളില്‍ നടത്തിവരുന്ന ഭക്ഷ്യധാന്യ വിതരണവുമെല്ലാം ഇത്തരത്തിലുള്ള ആളുകളുടെ ശ്രദ്ധയില്‍ എത്തിക്കുവാനും മറക്കരുതേ.
നമ്മുടെ ഇരിങ്ങാലക്കുടയുടെ ഇത്തരം പദ്ധതികളോട് സഹകരിക്കാന്‍ താല്‍പ്പര്യമുള്ള സുഹൃത്തുക്കള്‍ Sandeep Pothani 9745043009, 9061161555, Jees Lazar 09819755867, 09663210944, Prijo Robert 7907481026 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.