Saturday, May 31, 2014

ആത്മ സമര്‍പ്പണത്തിന്‍റെ മഞ്ഞള്‍നീരാട്ട്


ഇരിങ്ങാലക്കുട : ചേലൂര്‍ ചന്ദന മാരിയമ്മന്‍ കോവിലിലിലെ അമ്മന്‍കൊട ഉത്സവവും മഞ്ഞള്‍ നീരാട്ടും സമാപിച്ചു.

ചൊവ്വാഴ്ച വൈകീട്ട് കോമരങ്ങള്‍ നിറഞ്ഞാടിയ തെരുവുകളില്‍ രക്തവര്‍ണം ചാലിച്ചുകൊണ്ട് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഭക്തസംഘം സത്യകരകം എഴുന്നുള്ളിച്ചു.

ഉടുക്കുപാട്ട്, നാദസ്വരം എന്നിവയുടെ താളത്തില്‍ വൃതശുദ്ധിയോടെ കോമരങ്ങള്‍ തുള്ളിയാടിയപ്പോള്‍ കാഴ്ചയ്ക്ക് കൗതുകവും ഭക്തിയും പകര്‍ന്നു. തുടര്‍ന്ന് പുലര്‍ച്ചെ പൊങ്കല്‍, മാവിളക്ക്, കുരുതി, പടുക്ക തുടങ്ങി പുരാണകഥാ സംബന്ധിയായ ആചാരങ്ങള്‍ നടന്നു.

ബുധനാഴ്ച ചന്ദനമാരിയമ്മയുടെ മുന്നില്‍ ദേവിയുടെയും ഉപദേവതകളുടെയും പ്രതിപുരുഷന്മാര്‍ മഞ്ഞളില്‍ നീരാടിയപ്പോള്‍ കാണികളുടെ കണ്ണുകളും മനവും ഒരുപോലെ നിറഞ്ഞു. 41 ദിവസം നീണ്ട കഠിനവ്രതം അനുഷ്ഠിച്ചെത്തിയ പ്രതിപുരുഷന്മാര്‍ മഞ്ഞളോഴിച്ച് തിളച്ചു മറിയുന്ന ജലം ശരീരത്തില്‍ തളിക്കുകയും ഭക്തിയുടെ പാരമ്യത്തില്‍ ചുവടുവയ്ക്കുകയും ചെയ്തു. ആദ്യം നീരാടിയത് ദേവിയുടെ പ്രതിനിധിയായ വെളിച്ചപ്പാടായി തെരഞ്ഞെടുത്തയാളാണ്.

പ്രതിപുരുഷന്മാര്‍ നീരാടാന്‍ ഉപയോഗിച്ച ആരിവേപ്പിന്റെ ഒരു തണ്ടെങ്കിലും കിട്ടുന്നതിനായി കൈകള്‍ നീട്ടി ഭക്തജനങ്ങള്‍ കാത്തിരുന്നു. തുടര്‍ന്ന് കുരുതിയര്‍പ്പിച്ച് തിരുനടയയടച്ചതോടെ അമ്മന്‍കൊടയ്ക്ക് സമാപനമായി. ഇനി ഏഴാം ദിവസമാണ് നടതുറപ്പ്.

വിവിധ സമുദായത്തിലുള്ള തമിഴരുടെ ആരാധന മൂര്‍ത്തികള്‍ക്ക് ക്ഷേത്രങ്ങളുള്ള ഇരിങ്ങാലക്കുടയില്‍ ചില ആരാധനാലയങ്ങള്‍ കനലാട്ടത്തിനു പ്രസിദ്ധമാണ്.
 
 
 

ഓലന്‍റെ കടയിലെ പൊറോട്ടയും കീമക്കറിയും.....

ഓട്ടുകമ്പനികളുടെ നാടായിരുന്നു കരുവന്നൂര്‍ ഇന്നും ആ വഴി സഞ്ചരിക്കുമ്പോള്‍ പഴയ പ്രതാപ കാലത്തിന്‍റെ സ്മരണകളുണര്‍ത്തി തലയെടുപ്പോടെ നിലകൊള്ളുന്ന പുകക്കുഴലുകള്‍ നമുക്കു കാണാനാകും.

കേരളത്തില്‍ പലയിടങ്ങളിലേക്കും കെട്ടിടം പണിക്കായുള്ള ഓടുകള്‍ കൊണ്ട് പോയിരുന്നത് കരുവന്നൂരില്‍ നിന്നായിരുന്നു.

അന്നൊക്കെ ഇന്നത്തെ വലിയ പാലത്തിന്‍റെ താഴെ ആലപ്പുഴക്കും മറ്റുമുള്ള നിരവധി കെട്ടുവള്ളങ്ങള്‍ ചരക്കു കയറ്റാനായി പുഴയരികില്‍ ദിവസങ്ങളോളം കാത്തു കിടക്കുമായിരുന്നു.

വേനല്‍ക്കാലമായാല്‍ പുഴയില്‍ വെള്ളം കുറയുന്നതനുസരിച്ച് വള്ളങ്ങള്‍ ഇല്ലിക്കല്‍ ഡാം വരെയൊക്കെ എത്തുമ്പോള്‍ അടിയിടിച്ചു മുന്നോട്ടു പോകാന്‍ കഴിയാതാവുമ്പോള്‍ അടുത്ത് കാണുന്ന ഏതെങ്കിലും കടവില്‍ അടുപ്പിക്കുകയും തള്ളുവണ്ടിയില്‍ ഓട് അവിടെക്കെത്തിച്ച് വഞ്ചിയിലടക്കുകയും ചെയ്യുകയാണ് പതിവ്.

ഒരു തവണ ചരക്കെടുക്കാനെത്തുന്നവര്‍ പിന്നീട് ദിവസങ്ങളോളം കരുവന്നൂരങ്ങാടിയില്‍ തങ്ങിയ ശേഷമായിരിക്കും തിരിച്ചു പോകുന്നത് വഞ്ചിക്കാരും, ചുമട്ടുകാരും, കച്ചവടക്കാരുമോക്കെയായി ആകെ തിരക്കായിരിക്കും. ഒരു നൂറു വര്‍ഷം മുന്‍പുള്ള കഥയാണിത്.

ആയിടക്കാണ് നാട്ടില്‍ പണിയോന്നുമില്ലാതെ നടന്നിരുന്ന നമ്മുടെ കഥാനായകന്‍ അബ്ദുക്ക ഇല്ലിക്കല്‍ ഡാമിനടുത്ത് പനമ്പും ഓലയുമൊക്കെ കെട്ടി മറച്ച് ഒരു ചായക്കട തുടങ്ങുന്നത്.

കരുവന്നൂരങ്ങാടിയില്‍ അന്നൊരു ചായകുടിക്കാന്‍ രണ്ടു ശില്ലി നല്‍കണം അബ്ധുക്കയുടെ കടയിലാണങ്കില്‍ രണ്ടു ശില്ലിക്ക് ഒരു ഇടങ്ങാഴി ഗ്ലാസ് നിറയെ ചായയും കൂടെ കടിയായി ഒരു ഉണ്ടംപൊരിയും കിട്ടും.

നല്ല കപ്പ പുഴുങ്ങിയതും കാന്താരിയൊടച്ചതും, പുഴമീനും തുടങ്ങിയ നാടന്‍ ഭക്ഷണങ്ങള്‍ കഴിച്ച് തുച്ചമായ കാശിനു വിശപ്പടക്കാനാകുമെന്നായപ്പോള്‍ കടയില്‍ തിരക്കായി തുടങ്ങി.

ഏകദേശം എണ്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കൊടുങ്ങല്ലൂര്‍ തൃശ്ശൂര്‍ റൂട്ടിലുള്ള കരുവന്നൂര്‍ വലിയപാലത്തിനു താഴെയുള്ള ഷബ്‌ന റെസ്റ്റോറന്റ് എന്ന് പേരെഴുതിയ നാട്ടുകാരുടെ പ്രിയപ്പെട്ട ഓലന്റെ കടക്ക് തുടക്കം.

അബ്ദുക്കയുടെ മകനായ കൊച്ചു ഗള്‍ഫ് ഉപേക്ഷിച്ചു മടങ്ങിയെത്തിയ ശേഷമാണ് പോത്തിറച്ചി കൊണ്ട് കീമക്കറിയുണ്ടാക്കി പരീക്ഷിച്ചത് സംഗതി ഗംഭീര വിജയമായിരുന്നു.

പോത്തിറച്ചി വൃത്തിയായി കഴുകി ചെറുതാക്കി നുറുക്കി, പച്ചയോടെ മെഷീനിലിട്ട്‌ അരച്ചെടുക്കുന്ന കീമയില്‍ ഗ്രീന്‍പീസും, സവാളയും, മസാലയും ചേര്‍ത്തുണ്ടാക്കുന്ന കീമക്കറിക്കും പെറോട്ടക്കുമാണ് ആവശ്യക്കാരേറെയും കടയിലെത്തുന്നത്.

കരുവന്നൂരിലെ ഓലന്‍റെ കടയിലെ ഈ ഭക്ഷണപ്പെരുമ മൂന്നാം തലമുറയിലെക്കെത്തി നില്‍ക്കുമ്പോള്‍ കൊച്ചിക്കയെ സഹായിക്കുന്നതിനായി മകനായ ഷമീറിനെ കൂടാതെ പുറമെ നിന്നുള്ള മൂന്നു ജോലിക്കാരുമുണ്ട്‌. ശുദ്ധമായ വെളിച്ചെണ്ണയും, മൈദയും, ഡാല്‍ഡയും ഉപോഗിച്ചാണിവിടെ പൊറോട്ടയുണ്ടാക്കുന്നത്‌.

മുന്‍ ആരോഗ്യമന്ത്രിയും സ്പീക്കറുമായിരുന്ന വി.എം സുധീരന്‍, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, സിനിമാതാരങ്ങളായ ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍, ഇടവേള ബാബു  തുടങ്ങി നിരവധി പ്രശസ്തര്‍ ഓലന്‍റെ കടയിലെ കീമക്കറിയുടെ ആരാധകരാണ്.





പോത്താനിയപ്പനും കൊടലൂരും...

ഇത്‌ പട്ടാമ്പിയ്ക്കടുത്തുള്ള കൊടലൂര്‍ ശിവക്ഷേത്രം

ഇവിടെ നിന്നാണത്രേ നമ്മുടെ പോത്താനിയപ്പന്‍ പോത്താനിയിലെത്തിയത്.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് എടതിരിഞ്ഞി ഇല്ലത്ത്‌ സന്തതികളില്ലാതെ വന്നപ്പോള്‍ ഈ ക്ഷേത്രത്തിനടുത്തുള്ള കൊടലൂര്‍ ഇല്ലത്ത് നിന്നും നിന്നും ഒരു കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നത്രേ.

ശിവഭക്തനായ ആ നമ്പൂതിരിക്കുട്ടിക്ക് എടതിരിഞ്ഞിയിലേക്ക് ദത്തിരുന്ന ശേഷവും കൊടലൂര്‍ ശിവനെ മറക്കാനായില്ല.

കാലാന്തരത്തില്‍ ദേശത്തെ ഏറ്റവും വലിയ ഭൂവുടമകളായിരുന്ന പോണല്ലൂര്‍ ഇല്ലത്തിന്‍റെ ഉടമസ്ഥതയിലായിരുന്ന ഇന്നത്തെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദേവചൈതന്യം നിലനിന്നിരുന്ന ഇല്ലപ്പറമ്പില്‍ അന്നാട്ടിലെ പ്രമാണികളായിരുന്ന ബ്രാഹ്മണ കുടുംബങ്ങളുടെ സഹായത്താല്‍ കൊടലൂര്‍ ശിവനെ ആവാഹിച്ച് കൊണ്ടുവന്നു പ്രതിഷ്ഠ നടത്തിയതാണ് നമ്മള്‍ ഇന്ന് കാണുന്ന പോത്താനി ശിവക്ഷേത്രം.

വരുന്ന വഴിക്ക്‌ ആശരീരി കേട്ട് ഇടക്ക് വച്ചു തിരിഞ്ഞതിനാലാണ് എടതിരിഞ്ഞിയെന്ന സ്ഥലപ്പേര് വന്നതെന്നും പറയപ്പെടുന്നു.






നരേന്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

പ്രശസ്ത സിനിമാതാരം നരേന്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടു കൂടിയാണ് നാലര വയസ്സുകാരിയായ മകള്‍ തന്മയ, ഭാര്യ മഞ്ജു എന്നിവരോടൊപ്പം നരേന്‍ ക്ഷേത്രത്തിലെത്തിയത്.

ഏറെ നാളത്തെ ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ഇടയില്‍ നിന്നും വിശ്രമത്തിനായി തൃശ്ശൂരിലെ സുരഭി അപ്പാര്‍ട്ട്മെന്റിലെ വീട്ടിലെത്തിയതായിരുന്നു അദ്ദേഹം.

തന്റെ ഇഷ്ട വാഹനമായ തമിഴ് നാട് രജിസ്ട്രേഷനിലുള്ള തൂവെള്ള ഷെവര്‍ലെ കാപ്റ്റിവ സ്വയം ഡ്രൈവ് ചെയ്താണ് പ്രിയതാരം ഇരിങ്ങാലക്കുടയിലെത്തിയത്.

ക്ഷേത്രത്തെ കുറിച്ചും ഇവിടുത്തെ ഉത്സവത്തെ കുറിച്ചും ഏറെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇവിടെയെത്തുന്നതെന്നും, യാത്രകള്‍ക്കിടയില്‍ ഒരുപാട് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും സന്ധ്യ നേരത്തെ ചെറിയ ചാറ്റല്‍മഴയും കൊണ്ട് കുടുംബത്തോടൊപ്പമുള്ള കുളക്കരയിലൂടെയുള്ള പ്രദക്ഷിണവും ക്ഷേത്ര ദര്‍ശനവുമെല്ലാം പുതിയൊരുന്മേഷം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടല്‍മാണിക്യത്തപ്പന് പ്രിയമുള്ള താമരമാലയടക്കമുള്ള വഴിപാടുകള്‍ ക്ഷേത്രത്തില്‍ നല്‍കാനും താരം മറന്നില്ല.

മലയാളത്തിലെ ആദ്യത്തെ സയന്റിഫിക് ഫിക്ഷന്‍ ത്രില്ലറായ റെഡ് റെയിനാണ് പുതിയ ചിത്രമെന്നും, കൂടല്‍മാണിക്യം ഒരുപാട് ഇഷ്ട്ടമായെന്നും, ഒഴിവുള്ളപ്പോള്‍ ഇനിയുമിവിടെ എത്തുമെന്നും നരേന്‍ ഇരിങ്ങാലക്കുട ഓണ്‍ലൈന്‍.കോമിനോട് പറഞ്ഞു.

യാത്ര പറഞ്ഞു കൈ വീശുമ്പോള്‍ ആ തൃശ്ശൂക്കാരന്റെ പതിഞ്ഞ ചിരിയില്‍ ഒരു നക്ഷത്രം പോലെ ആ നുണക്കുഴിയും ഒന്നു തെളിഞ്ഞു മാഞ്ഞു.



നല്ല തലപ്പാവുകാരാ, നന്ദി.

“കോഫിഹൗസ്” ആവി പാറുന്ന സൌഹൃദങ്ങളുടെ ലോകമാണത്.

ഒറ്റക്കപ്പു കാപ്പിക്കു മുകളില്‍ ലോകാലോകങ്ങളെ കുറിച്ചു മുഴുവന്‍ ചര്‍ച്ച ചെയ്യും.

എഴുത്തുകാര്‍, സിനിമക്കാര്‍, രാഷ്ട്രീയക്കാര്‍, പത്രപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങി പലതരം കൂട്ടായ്മകള്‍.

ഇനി ഇതൊന്നുമല്ലാത്തവരുടെയും കൂട്ടായ്മകള്‍.

എത്ര കുടിച്ചാലും അപ്പപ്പോള്‍ നിറയുന്ന ഒരു കപ്പു കാപ്പി പോലെയുള്ള സൗഹൃദങ്ങള്‍.

ഓരോ ദിവസവും ആ ചങ്ങാത്തങ്ങളിലേക്കു പുതിയ തിളക്കത്തോടെ പുതിയ ആളുകള്‍ കടന്നുവരുന്നു.

സ്ഥിരം ഒരു മൂലയിലെ മേശയ്ക്കു ചുറ്റുമിരുന്നു സംസാരിച്ചുകൊണ്ടിരുന്ന പതിവുകാരില്‍ ചിലരെ പെട്ടെന്നു കാണാതായി. അവരില്‍ ചിലരെ നാം പിന്നെ വെള്ളിത്തിരയിലാണു കണ്ടത്.

ചിലരെ ക്യാമറയ്ക്കു പിന്നിലും കാണാനായി.

ചിലര്‍ എഴുത്തുകാരായി അവരുടെ വാക്കുകളില്‍ കാപ്പിയുടെ മധുരവും കടുപ്പവുമുണ്ടായി.

ചിലരെത്തിയാല്‍ കോഫി ഹൗസിനുള്ളില്‍ നക്സല്‍ബാരി വസന്തത്തിന്‍റെ ഇടി മുഴക്കങ്ങള്‍ കേള്‍ക്കാം.

ഇവിടുത്തെ മസാലദോശയില്‍ പോലുമുണ്ട് ഒളിഞ്ഞിരിക്കുന്ന വിപ്ലവം മറ്റിടങ്ങളില്‍ മഞ്ഞ മസാല നല്‍കുമ്പോള്‍ കോഫിഹൗസില്‍ മാത്രം മസാലദോശക്ക് ചുവപ്പുനിറമുള്ള മാസാലയാണ് നല്‍കുക.

ചില നേരം കാപ്പിക്കോപ്പക്കുള്ളില്‍ നിന്നു ചില കൊടുങ്കാറ്റുകള്‍ പുറത്തുകടക്കുകയും പഴകിയ ആശയങ്ങളെ അവ കടപുഴക്കുകയും ചെയ്യുന്നു.

കോഫി ഹൗസ് ദിനചര്യയുടെ ഭാഗമായി മാറിയ ആളുകളുണ്ട് ഇരിങ്ങാലക്കുടയില്‍, പുതുതായി എത്തുന്നവര്‍ക്കാകട്ടെ മസാലദോശയും കാപ്പിയും സാംസ്കാരിക അനുഭവമായി.

സൗഹൃദമെന്നു ഭാവിച്ചു പതിവായി കാപ്പി കുടിക്കാനെത്തിയ ചിലര്‍ പ്രണയത്തിലേക്ക് ഒളിച്ചോടി.

ഒറ്റയ്ക്കു സമയം കൊല്ലാന്‍ വന്നവര്‍ പോലും കോഫിഹൗസുകളില്‍ ഏകാന്തത അനുഭവിക്കേണ്ടി വരാറില്ല.

നല്ല തലപ്പാവുകാരാ, നന്ദി. നിന്‍റെ മുഷിയാത്ത നോട്ടങ്ങള്‍ക്ക്, തണുക്കാത്ത ഉപചാരങ്ങള്‍ക്ക്.