Tuesday, July 31, 2012

മുളപാടും രാവ്


മണ്‍മറഞ്ഞ സംസ്‌കൃതിയുടെ ആരവമാണിത്‌. 
പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന ശ്രവണ സുന്ദരമായ ഓടക്കുഴലിനൊപ്പം അറിയുന്നതും അറിയപ്പെടാത്തതുമായ അനവധി സംഗീതോപകരണങ്ങള്‍… ആങ്കുളാങ്ങ്‌, മുളം തപ്പ്‌, മരം, ഞാലിപ്ര, മഴമൂളി, അംബ, മരിമ്പ, പാക്കനാര്‍ വാദ്യം… പട്ടിക നീളുകയാണ്‌. മുളന്തണ്ടുകള്‍ കിഴിച്ചും പരുത്തി
നൂലുകള്‍ വലിച്ചുകെട്ടിയും രൂപപ്പെടുത്തിയ ഇവയൊക്കെ സംഗീതോപകരണമോയെന്ന്‌ ആദ്യം സംശയിക്കും. മുളങ്കോലോ കൈവിരലുകളോ ഇവയില്‍ ചെറുതായെങ്കിലുമൊന്നു സ്‌പര്‍ശിക്കുമ്പോഴേക്കും ആശങ്കകള്‍ അസ്ഥാനത്താണെന്ന്‌ തിരിച്ചറിയും. മുന്‍പേ പറഞ്ഞുറപ്പിക്കാത്ത വഴികളിലൂടെ പാട്ടിന്റെ പാച്ചിലാണു പിന്നെ; രാഗങ്ങള്‍ക്കും കീനോട്ടുകള്‍ക്കും അപ്പുറം കൂട്ടിനുണ്ടാവുക ഉള്ളിലെ താളബോധവും കൈത്തഴക്കവും മാത്രമാണ്‌

വളരുന്ന ഉപഭോഗസംസ്കാരത്തിനെതിരേ പാക്കനാരുടെ പ്രതിഷേധമാണ് മുളപാടും രാവെന്ന ജൈവ സംഗീത പരിപാടി. കാറ്റില്‍ മുളങ്കൂട്ടം ഉലയുമ്പോള്‍ ഉണ്ടായ മര്‍മരമാണ് ആദിമ സംഗീതമെന്നും അത് ജീവന്റെ സംഗീതമാണെന്നുമുള്ള കാഴ്ചപ്പാടില്‍ നിന്നാണ് തന്റെ സംഗീതപരിപാടിക്ക് മുളപാടും രാവെന്ന് പേരുനല്‍കിയതെന്ന് ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കുന്നു.
മുളങ്കാടുകളില്‍ സംഗീതമുണരുമ്പോള്‍ ഉണ്ണിക്കൃഷ്ണന്‍ തന്റെ ബാല്യകാലത്തിലേക്ക് തിരിഞ്ഞുനടക്കും... പാക്കനാരുടെ പാരമ്പര്യസംഗീതവും മുളംതണ്ടിന്റെ ഈണവും ഹൃദിസ്ഥമാക്കിയ ഉണ്ണിക്കൃഷ്ണന് കുട്ടിക്കാലത്ത് പാക്കനാരുടെ സംഗീതത്തോടായിരുന്നു താല്‍പര്യം. വീട്ടുകാരും എതിര്‍ത്തില്ല. പഠനം പാതിവഴിയില്‍ നിര്‍ത്തി നാടുചുറ്റാനിറങ്ങിയപ്പോഴും മനസില്‍ സംഗീതം മാത്രം. പക്ഷേ ആ യാത്രകള്‍ കര്‍ണാടക സംഗീതത്തിന്റെയോ ഹിന്ദുസ്ഥാനിയുടെയോ സങ്കീര്‍ണതകള്‍ തേടി ആയിരുന്നില്ല. പ്രകൃതിയോടു ചേര്‍ന്നു നിന്ന മണ്ണിന്റെ മണമുള്ള മനുഷ്യന്റെ നാട്ടറിവ് സംഗീതമായിരുന്നു ലക്ഷ്യം. പല നാട്ടുകാര്‍... പല ഭാഷകള്‍...
നാട്ടില്‍ തിരിച്ചെത്തി നാട്ടു പാട്ടിലേക്കും നാട്ടറിവ് വാമൊഴി വഴക്കത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. മുളയില്‍ നിന്ന് കരകൌശലവസ്തുക്കള്‍ നിര്‍മിച്ചു. ഇതിനായി മുളവെട്ടാന്‍ കാട്ടില്‍ കയറിയപ്പോഴാണ് മുളങ്കാടിന്റെ വശ്യസംഗീതം ശ്രദ്ധിക്കുന്നത്. പിന്നെ അതൊരു പതിവായി. മുളയുടെ സംഗീതം കേള്‍ക്കാന്‍ മാത്രം കാടുകയറിത്തുടങ്ങി. ആയിടക്കാണ് വനം വകുപ്പിന്റെ സാമൂഹിക വനവല്‍ക്കരണപദ്ധതിയുമായി സഹകരിച്ചു തുടങ്ങുന്നത്. കൂടുതല്‍ സമയം കാട്ടില്‍ ചെലവഴിക്കാന്‍ അതും നിമിത്തമായി. കാടിന്റെ വന്യമായ സംഗീതം, പേരറിയാപ്പക്ഷികളുടെ കരച്ചില്‍... മുളങ്കാടുകളുടെ മര്‍മരം... അരുവികളുടെ ചിലമ്പൊച്ച, പ്രകൃതിയില്‍ നിന്നു കേട്ട ശബ്ദങ്ങള്‍ മുളങ്കുഴലുകളിലേക്ക് സ്വാംശീകരിച്ചു. ആദിമസംഗീതത്തിന്റെ പൊരുള്‍ തേടിയുള്ള ഉണ്ണിക്കൃഷ്ണന്റെ യാത്ര അവസാനിച്ചത് വംശപാരമ്പര്യത്തിന്റെ ഉള്ളറകളിലാണ്. തേടിലഞ്ഞതെല്ലാം കൈയെത്തും ദൂരത്തുണ്ടായിരുന്നു എന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. ശില്‍പികൂടിയായ ഉണ്ണിക്കൃഷ്ണന്റെ കൈകളില്‍ കല്ലും മരവും വഴങ്ങിയതിനു ശേഷമാണ്മുളയിലേക്കെത്തിയത്. മുളയുല്‍പന്ന പ്രദര്‍ശനങ്ങളില്‍ ജനത്തെ ആകര്‍ഷിക്കാന്‍ കുഴലും പീപ്പിയും ഓടക്കുഴലും ഉപയോഗിച്ചാണ് തുടക്കം. പിന്നീട് പലതരം മുള നാട്ടുവാദ്യങ്ങള്‍ കൂടിച്ചേര്‍ന്നപ്പോള്‍ മുളപാടും രാവ് പിറന്നു. അഞ്ചു വര്‍ഷം മുന്‍പ് തൃശൂരിലെ കാറളം പഞ്ചായത്തിന്റെ നാട്ടുത്സവത്തിലാണ് മുളപാടും രാവ് ആദ്യമായി അരങ്ങേറുന്നത്. ആദ്യം ചെറിയ ചെറിയ വേദികള്‍. നാടന്‍ പാട്ട് സംഘങ്ങള്‍ നാട്ടില്‍ കൂണുപോലെ മുളച്ചു പൊന്തുന്ന സമയം. ജനം മുളപാടും രാവിനെയും ആ ഗണത്തില്‍ പെടുത്തി. വനം വകുപ്പിന്റെ പരിപാടികളിലും ചെറിയ നാട്ടുത്സവങ്ങളിലും ഉണ്ണിക്കൃഷ്ണന്റെ ജൈവസംഗീത പരിപാടി ഒതുങ്ങി നിന്നു.
പിന്നീട് കൊറ്റനെല്ലൂരില്‍ നാട്ടറിവ് പഠന- ഗവേഷണ കേന്ദ്രമായ ദി ക്രിയേറ്റര്‍- ഫോക് ലോര്‍ ആന്‍ഡ് കണ്ടംപററി കണ്‍സപ്റ്റ്സ് എന്ന സ്ഥാപനത്തിനു രൂപം നല്‍കി. അതോടെ മുളപാടും രാവിന് സംഘടിത രൂപം കൈവന്നു. കൊറ്റനെല്ലൂരിലെ ഇരട്ടമുറി വീട്ടിലാണ് നാട്ടറിവ് പഠനകേന്ദ്രത്തിന് ആദ്യം അരങ്ങൊരുങ്ങിയത്. വീടിനു മുറ്റത്തെ മുളംകുടില്‍ ഉണ്ണിക്കൃഷ്ണന്റെ പരീക്ഷണ ശാലയായി. മുളയില്‍ സംഗീതം തേടിയുള്ള രാപ്പകലുകള്‍. വീടകം നിറയെ പലതരം മുളംതണ്ടുകള്‍. ആദ്യമൊക്കെ ആശ്ചര്യം നിറഞ്ഞ കണ്ണുകളുമായി നോക്കിനിന്നവര്‍ പോലും തീര്‍ത്തും അവഗണിച്ച നാളുകള്‍... പാക്കനാരുടെ സംഗീതത്തിന്റെ മാസ്മരികതില്‍ ലഹരി പൂണ്ട കൂട്ടുകാരില്‍ ചിലര്‍ ഒപ്പമുണ്ടായി. അവര്‍ പാക്കനാര്‍ പൊഴിച്ച സംഗീതത്തിന്റെ അലകള്‍ക്കു പിന്നാലെ നടന്നു. ഇപ്പോഴും ഉണ്ണിക്കൃഷ്ണനെ തേടിയെത്തുന്ന ഉത്സാഹക്കമ്പനിയുണ്ട് നാട്ടില്‍. അവരുടെ സായാഹ്നങ്ങള്‍ക്കും ഒഴിവുനേരങ്ങള്‍ക്കും നിറംപകരാന്‍ പാക്കനാരുടെ സംഗീതം വേണം. അലസമായ സായാഹ്ന സദസിനപ്പുറത്തേയ്ക്ക് ഗൌരവമായ ചര്‍ച്ചകളും വാഗ്വാദങ്ങളും പാക്കനാരുടെ നാട്ടറിവ് കേന്ദ്രത്തെ സജീവമാക്കുന്നു. പിന്നീട് നൂറിലേറെ വേദികള്‍. ബന്ധു കൂടിയായ അനിയന്‍ പാക്കനാര്‍ ഇടയ്ക്ക് ഒപ്പം ചേര്‍ന്നു. വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഫിലിപ്പോസ്, മിഥുന്‍, സന്ദീപ്, ജിതിന്‍ ജോഷി, ബാലു, വിജില്‍, സുന്ദരന്‍, അനില്‍, ജനീഷ് എന്നിവരുള്‍പ്പെടെ ഇരുപത് പേരുണ്ട് മുളപാടും രാവ് ടീമില്‍. ഇലക്ട്രോണിക് സംഗീത ഉപകരണങ്ങള്‍ക്കും ഡിജിറ്റല്‍ സംഗീതലോകത്തിനും ബദലായി ജൈവസംഗീതം ഉയര്‍ന്നു വരണം. സംഗീതം തനിയാവര്‍ത്തനമായി മാറുമ്പോള്‍ റിയാലിറ്റി ഷോകള്‍ അതിനെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഉണ്ണിക്കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.




ഐസ്സുകാരന്‍

പോത്താനിയപ്പന്‍

ചരിത്രവും പോത്താനി ശിവക്ഷേത്ര മഹിമയും

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പോത്താനി മഹാദേവക്ഷേത്രം അശരണരായ അനേകായിരം ഭക്തജനങ്ങള്‍ക്ക് അഭയസ്ഥാനമായി വിരാചിക്കുന്നു. പോത്തോടുകൂടിയ യമധര്‍മ്മരാജാവിനെ (കാലന്‍) നിഗ്രഹിച്ച മൃത്യുഞ്ജയ മൂര്‍ത്തിയായാണ് മഹാദേവന്‍ ഇവിടെ കുടികൊള്ളുന്നത്. 

പോത്തോടുകൂടിയ കാലനെ നിഗ്രഹിച്ച മൂര്‍ത്തിയിരിക്കുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ് പോത്താനി എന്ന സ്ഥലപ്പേര് കൈവന്നത്. വിഘ്‌നാന്തകനായ ഗണപതിയും ഇവിടെ ഉപദേവനായി നിലകൊള്ളുന്നു.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ ഉായിരുന്ന എടതിരിഞ്ഞി എന്ന ഇല്ലപ്പേരുള്ള ഒരു ബ്രാഹ്മണകുടുംബം സന്തതികളില്ലാതെ അന്യംനില്‍ക്കുന്ന ഘട്ടത്തില്‍ പട്ടാമ്പിയ്ക്കടുത്തുള്ള കൊടലൂര്‍ എന്ന സ്ഥലത്തുള്ള ഒരു നമ്പൂതിരി ഗൃഹത്തില്‍ നിന്നും ദത്തെടുക്കുകയുണ്ടായി. 

ശിവഭക്തരായിരുന്ന കൊടല്ലൂര്‍ ഇല്ലക്കാര്‍ എടതിരിഞ്ഞിയിലേക്ക് ദത്ത് ഇരുന്ന ശേഷവും കൊടലൂര്‍ ശിവനെ സേവിച്ച് പോന്നിരുന്നു. കാലാന്തരത്തില്‍ മറ്റ് ഏഴ് ബ്രാഹ്മണകുടുംബക്കാരുടെ സഹായത്തോടെ കൊടലൂര്‍ ശിവനെ സങ്കല്പിച്ച് പ്രതിഷ്ഠ നടത്തിയതാണ് ഇന്ന് കാണുന്ന പോത്താനി ശിവക്ഷേത്രം. 

കാലാന്തരത്തില്‍ പല ഊരാള കുടുംബങ്ങളും അന്യം നിന്ന് എടതിരിഞ്ഞി പോണല്ലൂര്‍, കൊരമ്പ്, എയ്ക്കാട് എന്നിവയാണ് ഇന്ന് നിലനില്‍ക്കുന്ന ഊരാള കുടുംബങ്ങള്‍. ക്ഷേത്രത്തിലെ താന്ത്രിക അവകാശം അണിമംഗലം മനക്കാര്‍ക്കാണ്.

മീനമാസത്തിലെ വെളുത്തവാവ് അടിസ്ഥാനപ്പെടുത്തി ഏഴ് ദിവസത്തെ ഉത്സവവും പോണല്ലൂര്‍ ഇല്ലക്കുളത്തില്‍ ആറാട്ട് (എടതിരിഞ്ഞി പോസ്റ്റാഫീസിന് സമീപത്തുള്ള മനയ്ക്കല്‍ പറമ്പ്) ആറാട്ട് വിളക്കോടുകൂടി തിരിച്ചെഴുന്നള്ളത്ത്, ശിവരാത്രി എന്നിവയായിരുന്നു ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.

 ക്രിസ്തുവര്‍ഷം 1883ല്‍ എടതിരിഞ്ഞി ഇല്ലത്തെ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രം ഇന്ന് കാണുന്ന വിധത്തില്‍ പുതുക്കിപ്പണിയുകയും നവീകരണ കലശം നടത്തുകയും ചെയ്തു. കലശത്തിനുശേഷം മകരമാസത്തിലെ തിരുവാതിര നാളില്‍ ആറാട്ട് വരുന്ന വിധത്തില്‍ ഉത്സവം
നിശ്ചയിക്കുകയും ചെയ്തു. ആറാട്ട് ക്ഷേത്രക്കുളത്തിലേക്ക് മാറ്റുകയും ചെയ്തു. 
മകരമാസത്തിലെ അവിട്ടം നാളില്‍ പ്രതിഷ്ഠാദിനം, 
ശിവരാത്രി, 
കര്‍ക്കിടകമാസത്തിലെ അത്തംനാളില്‍ ഇല്ലംനിറ, 
ചിങ്ങം ഒന്നിന് നിറപ്പുത്തിരി എന്നിവയാണ് ക്ഷേത്രത്തിലെ മറ്റ് വിശേഷദിവസങ്ങള്‍. 
കലശത്തിന് ശേഷം ക്ഷേത്രവും, ക്ഷേത്രംവക വസ്തുക്കളും കൊച്ചിരാജാവിനെ ഏല്‍പ്പിക്കുകയും രാജഭരണം അവസാനിച്ചപ്പോള്‍ കൊച്ചിമഹാരാജാവിന്റെ അധീനതയിലുണ്ടായിരുന്ന മറ്റ്‌ക്ഷേത്രങ്ങളെപ്പോലെ ഈ ക്ഷേത്രവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ലയിക്കുകയും ചെയ്തു.

കാളകളി

വട്ടമുടി


വട്ട മുടിയാലെ കാളി ചിലമ്പാലെ വിത്തും വഴിവാടും ഏകി കൊണ്ടമ്മ

വട്ടമുടി പൊഞ്ഞനം വേലയില്‍ നിന്നൊരു കാഴ്ച

പാട്ടും പ്രതിരോധവും


  കൊടുങ്ങല്ലൂര്‍ സാമ്കാരിക കേന്ദ്രത്തിന്റെ നേതൃത്തില്‍ പോലീസ്‌ സ്റേഷന്‍                                                                            
                                         മൈതാനിയില്‍ പാട്ടും പ്രതിരോധവും

പാലിയേക്കരയില്‍ .....



                            പാട്ടും പ്രതിരോധവുമായി നേഴ്സിംഗ് സമരത്തില്‍ ............