Friday, April 17, 2015

സുഗന്ധം പരത്തി നാഗലിംഗമരം

ഇരിങ്ങാലക്കുട : പരിസരമാകെ സുഗന്ധം പരത്തി ഗായത്രി റസിഡന്‍സ് അസോസിയേഷന്‍ റോഡിലെ പുലിക്കുട്ടി മഠത്തിന് സമീപം റോഡരികില്‍ പൂത്തുനില്‍ക്കുന്ന നാഗലിംഗമരം വഴിയാത്രക്കാരുടെ മനം കവരുന്നു.

പൂവിന്റെ രൂപഭംഗിയും ഏറെ കായ്കളും കൗതുകമാണ്. കേരളത്തില്‍ അപൂര്‍വ്വമായി മാത്രമാണ് കാണപ്പെടുന്നതെങ്കിലും രാജ്യത്തെ വിവിധഭാഗങ്ങളില്‍ ഈ മരം വളരുന്നുണ്ട്

തെക്കേ അമേരിക്കയാണ് നാഗലിംഗമരത്തിന്റെ ജന്മദേശമായി അറിയപ്പെടുന്നത്. 115 അടി വരെ ഉയരത്തില്‍ വളരുന്ന ഈ മരത്തിന് രണ്ടര അടിയോളം വണ്ണം ഉണ്ടാകും. ആറ് ഇതളുകളുള്ള നാഗലിംഗപ്പൂവിന് നല്ല സുഗന്ധവുമാണ്.

ഇവയുടെ പൂവ് വിരിഞ്ഞ് വരുന്നത് പത്തിവിരിച്ച പാമ്പിനെ പോലെയാണ്. ഇതിനാലാണ് ഇതിന് നാഗലിംഗ വൃക്ഷമെന്ന് വിളിപ്പേരുണ്ടായത്. ഇതിന്റെ പൂവ് ചെറുതാണെങ്കിലും കായ്കള്‍ക്ക് ഏറെ വലിപ്പമുണ്ട്.

 കായ്കള്‍ പാകമാകാന്‍ 9 മാസം മുതല്‍ ഒരുവര്‍ഷം വരെയെടുക്കും. നിലത്തുവീഴുന്ന കായകള്‍ വലിയ ശബ്ദത്തോടെയാണ് പൊട്ടിച്ചിതറുക. ഈ കായ്കളുടെ കട്ടിയേറിയ പുറംതോട് പണ്ട് സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കാറുണ്ട്.