Tuesday, July 31, 2012

പോത്താനിയപ്പന്‍

ചരിത്രവും പോത്താനി ശിവക്ഷേത്ര മഹിമയും

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പോത്താനി മഹാദേവക്ഷേത്രം അശരണരായ അനേകായിരം ഭക്തജനങ്ങള്‍ക്ക് അഭയസ്ഥാനമായി വിരാചിക്കുന്നു. പോത്തോടുകൂടിയ യമധര്‍മ്മരാജാവിനെ (കാലന്‍) നിഗ്രഹിച്ച മൃത്യുഞ്ജയ മൂര്‍ത്തിയായാണ് മഹാദേവന്‍ ഇവിടെ കുടികൊള്ളുന്നത്. 

പോത്തോടുകൂടിയ കാലനെ നിഗ്രഹിച്ച മൂര്‍ത്തിയിരിക്കുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ് പോത്താനി എന്ന സ്ഥലപ്പേര് കൈവന്നത്. വിഘ്‌നാന്തകനായ ഗണപതിയും ഇവിടെ ഉപദേവനായി നിലകൊള്ളുന്നു.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ ഉായിരുന്ന എടതിരിഞ്ഞി എന്ന ഇല്ലപ്പേരുള്ള ഒരു ബ്രാഹ്മണകുടുംബം സന്തതികളില്ലാതെ അന്യംനില്‍ക്കുന്ന ഘട്ടത്തില്‍ പട്ടാമ്പിയ്ക്കടുത്തുള്ള കൊടലൂര്‍ എന്ന സ്ഥലത്തുള്ള ഒരു നമ്പൂതിരി ഗൃഹത്തില്‍ നിന്നും ദത്തെടുക്കുകയുണ്ടായി. 

ശിവഭക്തരായിരുന്ന കൊടല്ലൂര്‍ ഇല്ലക്കാര്‍ എടതിരിഞ്ഞിയിലേക്ക് ദത്ത് ഇരുന്ന ശേഷവും കൊടലൂര്‍ ശിവനെ സേവിച്ച് പോന്നിരുന്നു. കാലാന്തരത്തില്‍ മറ്റ് ഏഴ് ബ്രാഹ്മണകുടുംബക്കാരുടെ സഹായത്തോടെ കൊടലൂര്‍ ശിവനെ സങ്കല്പിച്ച് പ്രതിഷ്ഠ നടത്തിയതാണ് ഇന്ന് കാണുന്ന പോത്താനി ശിവക്ഷേത്രം. 

കാലാന്തരത്തില്‍ പല ഊരാള കുടുംബങ്ങളും അന്യം നിന്ന് എടതിരിഞ്ഞി പോണല്ലൂര്‍, കൊരമ്പ്, എയ്ക്കാട് എന്നിവയാണ് ഇന്ന് നിലനില്‍ക്കുന്ന ഊരാള കുടുംബങ്ങള്‍. ക്ഷേത്രത്തിലെ താന്ത്രിക അവകാശം അണിമംഗലം മനക്കാര്‍ക്കാണ്.

മീനമാസത്തിലെ വെളുത്തവാവ് അടിസ്ഥാനപ്പെടുത്തി ഏഴ് ദിവസത്തെ ഉത്സവവും പോണല്ലൂര്‍ ഇല്ലക്കുളത്തില്‍ ആറാട്ട് (എടതിരിഞ്ഞി പോസ്റ്റാഫീസിന് സമീപത്തുള്ള മനയ്ക്കല്‍ പറമ്പ്) ആറാട്ട് വിളക്കോടുകൂടി തിരിച്ചെഴുന്നള്ളത്ത്, ശിവരാത്രി എന്നിവയായിരുന്നു ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.

 ക്രിസ്തുവര്‍ഷം 1883ല്‍ എടതിരിഞ്ഞി ഇല്ലത്തെ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രം ഇന്ന് കാണുന്ന വിധത്തില്‍ പുതുക്കിപ്പണിയുകയും നവീകരണ കലശം നടത്തുകയും ചെയ്തു. കലശത്തിനുശേഷം മകരമാസത്തിലെ തിരുവാതിര നാളില്‍ ആറാട്ട് വരുന്ന വിധത്തില്‍ ഉത്സവം
നിശ്ചയിക്കുകയും ചെയ്തു. ആറാട്ട് ക്ഷേത്രക്കുളത്തിലേക്ക് മാറ്റുകയും ചെയ്തു. 
മകരമാസത്തിലെ അവിട്ടം നാളില്‍ പ്രതിഷ്ഠാദിനം, 
ശിവരാത്രി, 
കര്‍ക്കിടകമാസത്തിലെ അത്തംനാളില്‍ ഇല്ലംനിറ, 
ചിങ്ങം ഒന്നിന് നിറപ്പുത്തിരി എന്നിവയാണ് ക്ഷേത്രത്തിലെ മറ്റ് വിശേഷദിവസങ്ങള്‍. 
കലശത്തിന് ശേഷം ക്ഷേത്രവും, ക്ഷേത്രംവക വസ്തുക്കളും കൊച്ചിരാജാവിനെ ഏല്‍പ്പിക്കുകയും രാജഭരണം അവസാനിച്ചപ്പോള്‍ കൊച്ചിമഹാരാജാവിന്റെ അധീനതയിലുണ്ടായിരുന്ന മറ്റ്‌ക്ഷേത്രങ്ങളെപ്പോലെ ഈ ക്ഷേത്രവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ലയിക്കുകയും ചെയ്തു.

No comments:

Post a Comment