Friday, December 17, 2010

സല്‍സ്വഭാവി

തൃശൂര്‍ ജില്ലയിലെ 'എടതിരിഞ്ഞി''' എന്ന ദേശത്ത് 1978 ഓഗസ്റ്റ് പത്താം തീയതി സുന്ദരനും സുമുഖനും സര്‍വ്വോപരി സല്‍സ്വഭാവിയുമായ ആണൊരുത്തന്‍ ഈ ഭൂമിയിലേക്ക് പിറന്നു വീണു ..

ആ സുന്ദര നിമിഷത്തില്‍ ഒരു കാറ്റ് പോലും വീശാതെ മൂന്നാല് കോല് വീതിയുള്ള ഒരു ആഞ്ഞിലി അയലോക്കക്കാരുടെ പറമ്പിലേക്ക്‌ ....പ്ധിം .

സ്നേഹനിധികളായ അവന്‍റെ മാതാപിതാക്കള്‍ അവന് ''സന്ദീപ്‌'' എന്ന് പേരിട്ടു. എല്ലാവരെയും പോലെ അവനും പുസ്തകക്കെട്ടുകളും ചോറ്റുപാത്രവുമായി എന്നും പള്ളിക്കൂടത്തില്‍ പോയി...... , തറ, പറ, പന എന്ന് തുടങ്ങി സകലമാന ഉടായിപ്പുകളും എഴുതുവാനും വായിക്കുവാനും പഠിച്ചു.

സാക്ഷാല്‍ ഗാന്ധിജി മുതല്‍ അവിടുന്നിങ്ങോട്ടു ഒരുമാതിരിപ്പെട്ട എല്ലാ ചരിത്ര പുരുഷന്മാരുടെയും ജീവചരിത്രങ്ങള്‍ കാണാതെ പഠിച്ചു.(പഠിപ്പിച്ചു എന്നതാവും സത്യം ) .പക്ഷെ ഈ പറഞ്ഞവര്‍ക്ക് ആര്‍ക്കും അവന്‍റെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്താനായില്ല. സര്‍ ഐസക് ന്യൂട്ടന്‍ ആയിരുന്നു അവന്‍റെ ഏറ്റവും വലിയ ശത്രു. ഒരുതരം അസൂയയായിരുന്നു അവന് അയാളോട് .മുറ്റത്തു മണ്ണപ്പം ചുട്ടു കളിക്കുമ്പോള്‍, ഒന്നല്ല ഒരായിരം വട്ടം അവന്‍റെ നെറുകം തലയില്‍ തന്നെ കണ്ണിമാങ്ങ വീണിട്ടുണ്ട്... അപ്പോഴൊന്നും അവന് തോന്നാതിരുന്ന ബുദ്ധി വെറും '' ഒരു ' ആപ്പിള്‍ വീണപ്പോള്‍ ആ പഹയനു എങ്ങനെ തോന്നി എന്നതായിരുന്നു അവന്‍റെ ദുഃഖം.


ലോകത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ'കണ്ടുപിടിക്കണം' എന്ന അടങ്ങാത്ത ആഗ്രഹവുമായി തലപുകഞാലോചിക്കുംപോഴാണ് പച്ചിലയില്‍ നിന്നും പെട്രോള്‍ എന്ന ആശയവുമായി ഒരു 'രാമര്‍ പിള്ള ' രംഗ പ്രവേശനം ചെയ്യുന്നത് . ബാലരമയിലെ ജമ്പനെ പ്പോലെ അവന്‍ ഉച്ചത്തില്‍ ചിരിച്ച് തുള്ളിച്ചാടി . വീട്ടുകാര് കാണാതെ വീട്ടിലെ ഉപ്പുമാങ്ങ ഭരണിയില്‍ കമ്യൂണിസ്റ്റ് പച്ച ,കൊന്നയില , മാവില, പേരയില എന്ന് വേണ്ട, കണ്ണില്‍ കണ്ട സകലമാന ഇലകളും സമൂലം വെള്ളം ചേര്‍ത്ത് അടച്ചു വച്ച് ''ഗവേഷണം'' തുടങ്ങി നീണ്ട ഒരുമാസക്കാലം കാത്തിരുന്നു.മനസ്സില്‍ മുഴുവന്‍ പ്രതീക്ഷകള്‍ ആയിരുന്നു. സ്വയം കണ്ടു പിടിച്ച '' പെട്രോള്‍ '' കത്തുന്നത് കാണാന്‍ കയ്യില്‍ ഒരു തീപ്പെട്ടിയും കരുതി നില്‍ക്കുന്ന പയ്യന്‍റെ സന്തോഷം പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല.. പെട്രോളിന്റെ ഗന്ധം പ്രതീക്ഷിച്ച് ഭരണി തുറന്ന അവന്‍റെ മൂക്കിലേക്ക് അടിച്ചു കയറിയത് ഒരു വക മെന കെട്ട നാറ്റം ആയിരുന്നു. പ്രതീക്ഷ കൈവിടാതെ തോള് കൊണ്ട് മൂക്ക് പൊത്തി തീപ്പെട്ടി ഉരച്ചു അവന്‍ അതിനകതെയ്ക്കിട്ടു . അത്ഭുതമെന്നു പറയട്ടെ ''''ശൂ''' എന്നൊരു ശബ്ദതോടെ കൊള്ളി വെള്ളത്തില്‍ വീണു കെട്ടു പോയി. അവന്‍റെ പ്രതീക്ഷകളും.... കൂടെ വീട്ടുകാരുടെ തെറി വിളിയും ......

No comments:

Post a Comment