Thursday, July 13, 2017

അഗുംബെ മലമ്പാതകളിലൂടെ ഒരു മഴക്കാലയാത്ര...

ഒരു മഴ നനഞ്ഞു നടന്നിട്ട് എത്ര കാലമായി ? എല്ലാം മറന്ന്, കുട ചൂടാതെ, നനഞ്ഞു നനഞ്ഞങ്ങനെ.. കുട്ടിക്കാലത്തു നനഞ്ഞ മഴയുടെ ഓര്‍മ്മകളും കുളിരും മാത്രമാണ് നമുക്ക്‌ ഇപ്പോഴുമുള്ളത്.

ഒരു പക്ഷെ... അഗുംബെയെന്ന ഈ വനഗ്രാമം നമ്മെ കുട്ടിക്കാലത്തിലേക്കു കൈപിടിച്ച് നടത്തും....

തെക്കെ ഇന്ത്യയിലെ പടിഞ്ഞാറന്‍ മലനിരകളിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്. ഹരിതശോഭയുടെ ധാരാളിത്തം, ഒപ്പം മലകയറ്റത്തിന്റെയും പ്രകൃതി ദൃശ്യങ്ങളുടെയും അപാര സാധ്യതകളും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ രണ്ടാമത്. 

തെക്കെ ഇന്ത്യയിലെ ചിറാപുഞ്ചി എന്നും അറിയപ്പെടുന്നു. രാജവെമ്പാലയുടെ ആവാസസ്ഥലം എന്ന പ്രശസ്തി കൂടി ഇതിന്. പ്രശസ്തമായ ടെലിവിഷന്‍ സീരിയല്‍ മാല്‍ഗുഡി ഡെയ്‌സ് ഇവിടെ ആണു ചിത്രീകരിച്ചത്.

ഇവിടെ മഴ പെയ്യുന്നത് വളരെ നനുത്ത നേര്‍ത്ത മഴനൂലുകള്‍ പോലെയാണു. അഗുംബെയുടെ ജീവിതവും അതിനനുസരിച്ചു ക്രമീകരിച്ച പോലെ.. വീടുകളും കടകളും എല്ലാം. മഴയും മഞ്ഞും ഒന്നിച്ചു പെയ്യുന്ന ഒരു സമയത്താണു ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ആദ്യം കുടയെടുക്കാതെ നടക്കാന്‍ ശീലം അനുവദിച്ചില്ല...പിന്നെ കുടയെ ഞങ്ങള്‍ മറന്നു.

നക്‌സലൈറ്റ് പ്രവര്‍ത്തനങ്ങള്‍ ഉള്ളതു കൊണ്ടു പൊലിസീന്റെ സജീവ സാന്നിധ്യം. ടൂറിസ്റ്റുകളെ അതു തെല്ല് ബാധിച്ചിട്ടുണ്ട്. നീര എന്ന് വിളിക്കുന്ന ശുദ്ധമായ തെങ്ങിന്‍ കള്ളും ഇവിടെ എല്ലാ കടകളിലും ലഭിക്കും. ഒപ്പം കാട്ടില്‍ നിന്നും ലഭിക്കുന്ന നല്ല തേനും കുടംമ്പുളിയും.

വിഖ്യാതനായ ഉരഗശാസ്ത്രജ്ഞന്‍ റോമുലസ് വിറ്റേക്കര്‍ അഗുംബെയെ രാജവെമ്പാലയുടെ തലസ്ഥാനം എന്നാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹമാണ് അഗുംബെയില്‍ ഫോറസ്റ്റ റിസര്‍ച്ച് സ്‌റ്റേഷന്‍ സ്ഥാപിച്ചത്. അത്തരത്തിലുള്ള ഇന്ത്യയിലെ ഏക ഗവേഷണ കേന്ദ്രം. ലോകത്തെ ആദ്യ രാജവെമ്പാല സാങ്ങച്വറിയാകാന്‍ ഒരുങ്ങുകയാണ് അഗുംബെ.

കാട്ടിലൂടെ ഏറെ നടക്കണം, ചില മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍. നിറഞ്ഞൊഴുകുന്ന സീതപ്പുഴയില്‍ അരക്കൊപ്പം വെള്ളത്തില്‍ നടക്കാം. പിന്നെ പുല്ലിലൂടെ, കാട്ടിലൂടെ...മരങ്ങള്‍ക്കിടയിലൂടെ പെയ്യുന്ന മഴയിലൂടെ... ഇടയ്ക്കു അട്ടകളെയും പറിച്ചു കളയണം.

ജോഗിഗുന്ദി, ഓനകെ അബ്ബി ഫാള്‍സ്, കുഞ്ചിക്കല്‍ ഫാള്‍സ് അറബിക്കടലില്‍ 40 കിലോമീറ്ററുകള്‍ക്കപ്പുറം അസ്തമയ സൂര്യനെ കാണാവുന്ന സണ്‍ സെറ്റ് പോയിന്റ്, ബര്‍ക്കന ഫാള്‍സ് അങ്ങിനെയങ്ങിനെ....

കുന്താദ്രി എന്ന മലമുകളിലെ കരിങ്കല്‍ ക്ഷേത്രവും കനത്ത കാറ്റും നിറമഞ്ഞും പേടിപ്പിക്കാന്‍ ശ്രമിക്കുന്ന കുന്നിന്‍ മുകളിലെ എന്നും വെള്ളം നിറഞ്ഞു കിടക്കുന്ന പാറക്കുളവും നമ്മെ അമ്പരപ്പിക്കും.1996 ല്‍ സ്ഥാപിച്ച അഗുംബെ മെഡിസിനല്‍ പ്ലാന്‍റ്സ് കണ്‍സര്‍വേഷന്‍ ഏര്യയുടെ ഭാഗമാണിത്. വംശനാശഭീഷണി നേരിടുന്ന ചുവപ്പുപട്ടികയിലുള്ള സസ്യങ്ങളടക്കം 182 തരം ഔഷധസസ്യങ്ങള്‍ ഈ കൊടും കാട്ടില്‍ വളരുന്നു.

ഉടുപ്പിയില്‍ നിന്നും 60 കിലോമീറ്റര്‍ മാത്രം ദൂരം. താമസിക്കാന്‍ മല്ല്യയുടെ ലോഡ്ജും, കസ്തൂരി അക്കയുടെ ഡോഡാമനെ എന്ന ഹോം സ്‌റ്റെയ്യും. ഇതാണു മാല്‍ഗുഡി ഡെയ്‌സിലെ തറവാടു വീട്. ചൂടു ഭക്ഷണം വിളമ്പുന്ന അല്‍പ്പമൊക്കെ മലയാളം അറിയാവുന്ന താജുദ്ദീന്‍ ഇക്കയുടെ താജ് ഹോട്ടലും. നഗരവല്‍കരണം കടന്നു വരാത്ത കര്‍ണ്ണാടകയിലെ മലയോര ഗ്രാമം.

എന്താ, ആഗുംബെ വരെ ഒന്നു പോകുന്നോ.. പനി പിടിക്കുമെന്ന പേടിയില്ലാതെ..മഴ നനയാന്‍.






















മൂഡബിദ്രി സാവിര കംബദ ബസടിയെന്ന ദൈവപ്പുര.

പതിനെട്ടോളം കല്ലമ്പലങ്ങളും ജൈനബസ്തികളുമായി സമ്പന്നമായ സാംസ്‌കാരികത അടയാളമിടുന്ന മംഗലപുരം നഗരത്തിന് വടക്ക് കിഴക്കായി മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മൂഡബിദ്രിയിലെ സാവിര കംബദ ബസടിയെന്ന ദൈവപ്പുര.

എ.ഡി.1430 ൽ വിജയനഗര രാജാവായിരുന്ന ദേവരാജ ഉടയോർ ജൈനക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട കാര്‍ക്കളയുടെ സമീപപ്രദേശത്ത്‌ നിർമ്മിച്ച ക്ഷേത്രത്തിലെ ആയിരം കല്‍ത്തൂണുകളും അറുപത് അടി ഉയരമുള്ള ഒറ്റക്കല്ലിലെ മഹാസ്തംഭമാണ് സവിശേഷത.



















പട്ടത്തിപ്പാറ ജലസമൃദ്ധിയുടെ ദൃശ്യഭംഗി.

പട്ടത്തിപ്പാറയിൽ ജലസമൃദ്ധിയുടെ ദൃശ്യഭംഗി. പാണഞ്ചേരി പഞ്ചായത്തിലെ ചെമ്പൂത്രയിൽ ദേശീയപാത 47ൽനിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് പട്ടത്തിപ്പാറയെന്ന വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന് 400 മീറ്റർ അകലെ വരെ വാഹനത്തിലെത്താം.

വെള്ളാനി മലയിലെ കണ്ണക്കാട് ഉൾവനത്തിൽ നിന്നാരംഭിച്ച് മുകൾ ഭാഗത്ത് പരന്നൊഴുകി നൂറ്റിയിരുപതടി ഉയരത്തിലെ ചെങ്കുത്തായ പാറയിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളില്‍ ജലസമൃദ്ധമാണ്.

പാറക്കെട്ടുകളിൽ പതിച്ച് കരിക്കാമ്പുഴ തോടായി മാറി കല്ലായിച്ചിറയിലെത്തുന്ന വെള്ളം നാലു കിലോമീറ്റർ ചെറു പുഴയായ് ഒഴുകി മണലിപ്പുഴയിൽ പതിക്കുന്നു.

തൃശൂർ – പാലക്കാട് ദേശീയപാതയിൽ പതിനൊന്ന് കിലോമീറ്റർ സഞ്ചരിച്ച് ചെമ്പൂത്രയിൽ നിന്ന് വടക്കോട്ട് തിരിഞ്ഞ് രണ്ടു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ പട്ടത്തിപ്പാറയിലെത്താം.










Friday, June 16, 2017

ഇല്ലിക്കല്‍ കല്ലിലെ സൂര്യോദയം

കണ്ണെത്താദൂരത്തോളമുള്ള മേടുകളിലെ കാട്ടുചെടികളായ ചിറ്റീന്തുകളും തെരുവാകളും വകഞ്ഞുമാറ്റി ഇരുവശത്തും അഗാധഗര്‍ത്തമുള്ള, നരകപാലത്തിലൂടെ നടന്നും വാ പിളര്‍ന്നിരിക്കുന്ന കുടക്കല്ലിലെ കുളത്തിനുള്ളില്‍ പടര്‍ന്നു നില്‍ക്കുന്ന നീലക്കൊടുവേലിയും ഇതിനു കാവല്‍നില്‍ക്കുന്ന ഉഗ്രവിഷഹാരികളായ സര്‍പ്പങ്ങളേയും തേടിയൊരു യാത്ര.


ഒരേ സമയം ഭയപ്പെടുത്തുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന അവിസ്മരണീയ അനുഭവങ്ങളുമായി ഇടുങ്ങിയ കല്‍പ്പാതകള്‍ താണ്ടി ഇല്ലിക്കല്‍ കല്ലിലേക്കൊരു നടത്തം.